Monday, 7 January 2013

ചെറായിയിലെ ഒരു പ്രഭാതം (ഭാഗം അഞ്ച് )

............തുടര്‍ച്ച,

ഇതിനു മുന്‍പ് നമ്മള്‍ പറഞ്ഞു നിര്‍ത്തിയത് കിടുവയെ കുറിച്ചാണ്. ഈ കിടുവക്ക് ഒരു പേരിടാം ,രതീഷ്‌  , വെറും രതീഷ്‌ അല്ല പെരുച്ചാഴി രതീഷ്‌..... .,  രതീഷിനെ പറ്റി എനിക്ക് നേരിട്ട് അത്ര പരിചയം ഇല്ല എന്നാലും രതീഷിനെ പറ്റി എനിക്ക് നേരിട്ട്  അറിയാവുന്ന കാര്യങ്ങളും വിശ്വസനീയ മായ കേന്ദ്രങ്ങളില്‍ നിന്നും അറിയാന്‍ കഴിഞ്ഞ  കാര്യങ്ങളും പറയാം .


 ചെറായിയിലെ തന്നെ ഒരു പ്രദേശത്തെ ചട്ടമ്പി ആണ്  രതീഷ്‌, ഒരു കടപ്പുറം ചട്ടമ്പി. കടപ്പുറം ചട്ടമ്പി എന്ന് പറയുമ്പോള്‍  തന്നെ അറിയാമല്ലോ , ഇപ്പോഴും കടയില്‍ ചെന്നാല്‍ ഒരു "ഷോഡ " എന്നാണത്രേ പറയുന്നത്. ഒരു ചട്ടമ്പിക്ക് വേണ്ട ശരീരം ഒക്കെ ഉണ്ട് നല്ല ഉരുക്ക് ശരീരം.  പിന്നെ കടപ്പുറം ആണ് പ്രവര്‍ത്തന മേഖല , അവിടെ തന്നെ നല്ല സ്വാധീനവും ഉണ്ട്. അവിടെ നിന്നും പുറത്തിറങ്ങാറില്ല , ഇപ്പോള്‍ പുറത്തു തന്നെയാണ് , ഞാന്‍ പറയുന്നത് ഒരു എട്ടു പത്തു വര്‍ഷം മുന്‍പിലത്തെ കഥയാണ്‌., ചെറായി കടപ്പുറം ഒരു വിനോദ സഞ്ചാര കേന്ദ്രം ആയി വരുന്നതേയുള്ളൂ . ഈ വിനോദ സഞ്ചാര കേന്ദ്രം കേന്ദ്രീകരിച്ചാണ് രീതീഷിന്റെ പ്രവര്‍ത്തനം. ഇവിടെ പണ്ട് പോയിട്ടുള്ളവര്‍ക്ക് മനസിലാകും ,  ഭൂമി ശാസ്ത്ര ഘടന അനുസരിച്ച് അവിടന്ന് തല്ലി നേടി പോരാന്‍ ബുദ്ധിമുട്ടായിരിക്കും , ഇതാണ് രതീഷിന്റെ ഏറ്റവും വലിയ ശക്ത്തിയും , തല്ലു കൊണ്ടായാലും തല്ലു കൊടുത്തിട്ടയാലും അവിടെ നിന്നും രക്ഷപെട്ടു പോരാന്‍ വലിയ പാട് തന്നെ ആണ്. പച്ച മലയാളത്തില്‍ പറഞ്ഞാല്‍ "തിണ്ണ മിടുക്ക് " , രതീഷ്‌  വെറുതെ അങ്ങനെ ആരെയും തല്ലില്ല ആളും തരവും സാഹചര്യവും നോക്കി മാത്രമേ ചട്ടമ്പിത്തരം പുറത്തെക്കെടുക്കുകയുള്ളൂ.

രതീഷും അഭിഷേകും തമ്മില്‍ മുന്‍വൈരാഗ്യം ഉണ്ടായിരുന്നില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് , പക്ഷേ അന്ന് നടന്ന സംഭവം ഇവര്‍ തമ്മില്‍ ഒരിക്കലും തീരാത്ത പക ഉണ്ടാക്കി , ഞാന്‍ നേരത്തെ പറഞ്ഞല്ലോ അന്ന് ചെറായി ബീച്ച് അത്രയധികം സഞ്ചാരികള്‍ വന്നിരുന്ന സ്ഥലമൊന്നും ആയിരുന്നില്ല , എന്നാലും ആളുകള്‍ വരാറുണ്ട് , ഇന്നത്തെ പോലെ അധികം വ്യാപാര സ്ഥാപനങ്ങള്‍ ഒന്നും തന്നെ ഇല്ല ഒന്നോ രണ്ടോ കടകളും അത്രയും തന്നെ ടൂറിസ്റ്റ്‌ ഹോമുകളും , പിന്നെ ഒരു കള്ളു ഷാപ്പും. കടകള്‍ എല്ലാം നടത്തുന്നത് ആ നാട്ടുകാര്‍ തന്നെ , ഇതില്‍ ഒരെണ്ണം നടത്തുന്നത് ഒരു പ്രായമായ സ്ത്രീ ആണ്, അന്നു അതൊരു ഓല മേഞ്ഞ കടയായിരുന്നു , അത്രയ്ക്ക് അധികം  കച്ചവടം ഒന്നും ഇല്ല , ബീച്ചിലെ ആദ്യത്തെ കട എന്ന് വേണമെങ്കില്‍ പറയാം, അത് കൊണ്ട് തന്നെ വേണമെങ്കില്‍ മേടിച്ചാല്‍ മതി എന്ന മനോഭാവം ആയിരുന്നു അവര്‍ക്ക് , നമ്മള്‍ പണം കൊടുത്താണ് മേടിക്കുന്നത് എന്ന ധാരണ അല്ല അവര്‍ക്ക്, അവര്‍ ദാനം തരുന്ന പോലെയാണ് അവരുടെ പെരുമാറ്റം , സത്യം പറയാമല്ലോ , എന്‍റെ അമ്മൂമ്മയുടെ പ്രായം കാണും എന്നാലും എനിക്കും ദേഷ്യം വന്നിട്ടുണ്ട്, ഇത് എന്‍റെ മാത്രം അനുഭവമല്ലട്ടോ പലര്‍ക്കും തോന്നിയിട്ടുണ്ട് ,  ഇന്ന് അവര്‍  ജീവിച്ചിരിപ്പുണ്ടോ എന്നറിയില്ല അന്നു തന്നെ  അവര്‍ക്ക് ഏകദേശം ഒരു എഴുപതു വയസുണ്ടാകും ,  അന്നു അവിടെ വരുന്നവരെല്ലാം ഈ കടയെ ആണ് ആശ്രയിക്കുന്നത്.  അഭിഷേക് ഈ കടയിലെ  ഞാന്‍ നേരത്തെ പറഞ്ഞ പ്രായമായ സ്ത്രീയുമായി ഉണ്ടായ ഒരു തര്‍ക്കം ആണ് പിന്നീട് രൂക്ഷമായ അടിപിടിയില്‍ അവസാനിച്ചത്. കൂട്ടുകാരുമൊന്നിച്ചു ബീച്ചിലെത്തിയ അഭിഷേക് ഈ കടയിലെ സ്ത്രീയുമായി വാക്ക് തര്‍ക്കം ഉണ്ടായി , അതിനുള്ള കാരണം ഗുട്ക്ക ചോദിച്ചപ്പോള്‍ കൊടുത്തില്ല , തീര്‍ന്നു എന്ന് പറഞ്ഞു ഈ പ്രായമായ സ്ത്രീ അഭിഷേകിനെ തിരിച്ചയച്ചു എന്നാല്‍ കുറച്ചു കഴിഞ്ഞു വേറെ ഒരാള്‍ അവിടെ നിന്നും ഗുട്ക്ക വാങ്ങി പോകുന്നത് അഭിഷേക് കാണുകയുണ്ടായി , ഇത് അഭിഷേക് ചോദ്യം ചെയ്തു, അപ്പോള്‍ ഇല്ലാതിരുന്നിട്ടല്ല തനിക്ക് മനപൂര്‍വം തരാത്തത് ആണെന്ന് മനസിലായ അഭിഷേക് അവരുമായി വാക്ക്തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ആകെ ബഹളം ആകുകയും ചെയ്തു  , ഇത്രയും പ്രായമായ ഒരു വൃദ്ധയുടെ നേര്‍ക്ക്‌ ഒരു ചെറുപ്പക്കാരന്‍  കയര്‍ക്കുകയും ചീത്ത പറയുകയും ചെയ്യുന്നത് കണ്ട് നിന്ന  ഈ വൃദ്ധയുടെ ബന്ധു കൂടിയായ ഒരു യുവാവ് അഭിഷേകിനെ ചോദ്യം ചെയ്തു അവരോടു മാപ്പ്  പറയാന്‍ ആവശ്യപെടുകയും ചെയ്തു  .  ഇത് അഭിഷേകിനെ ചൊടിപ്പിച്ചു , വളരെ ക്ഷുഭിതനായ അഭിഷേക്  ഒരു സൂചനപോലും നല്‍കാതെ   ഈ യുവാവിനെ   അവിടെ വച്ചു കാര്യമായി  തല്ലി  , കടപ്പുറം അല്ലേ ആളുകള്‍ ഓടി കൂടി , അങ്ങനെ ഒരു യുദ്ധ സമാനമായ അടി ഒരു ഭാഗത്ത് അഭിഷേകും കൂട്ടുകാരും മറുഭാഗത്ത് കടപ്പുറത്തെ ആളുകളും , പക്ഷേ അഭിഷേകിന്‍റെയും കൂട്ടരുടെയും മുന്നില്‍ അവര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല,  അവര്‍ നാലു പാടും ഓടി രക്ഷപെട്ടു, പക്ഷേ അത് കടലിലെ  ചെറിയ തിരമാലകള്‍  പിന്‍വലിഞ്ഞു വലിയ തിരമാലകള്‍ പോലെ ആഞ്ഞടിക്കാന്‍ ആയിരിക്കുമെന്ന് അഭിഷേക് സ്വപ്നത്തില്‍ പോലും ചിന്തിച്ചിരുന്നില്ല എന്നതായിരുന്നു സത്യം , ആദ്യത്തെ അടി കഴിഞ്ഞപ്പോള്‍ അഭിഷേകിന്റെ കൂടെയുള്ളവര്‍ അവിടെ നിന്നും പോകാന്‍ തയ്യാറെടുത്തു എന്നാല്‍ അഭിഷേക് അവരോടു അവിടെ തന്നെ നില്‍ക്കാന്‍ പറഞ്ഞു. പക്ഷേ അതില്‍ കുറച്ചു പേര്‍ ഇനിയും പ്രശ്നം ഉണ്ടാകാന്‍ സാധ്യതയുണ്ട് അത് കൊണ്ട് എത്രയും പെട്ടന്ന് ഇവിടെ നിന്നും പോകാം എന്ന് പറഞ്ഞു വണ്ടികള്‍ സ്റ്റാര്‍ട്ട്‌ ചെയ്തു , എന്നാല്‍ നിങ്ങള്‍ പോയിക്കൊള്ളൂ ഞാന്‍ എന്തായാലും കുറച്ചു കഴിഞ്ഞിട്ടേ വരുന്നുള്ളൂ എന്ന് പറഞ്ഞു അവിടെ തന്നെ രണ്ടു മൂന്ന് കൂട്ടുകാര്‍ക്കൊപ്പം നിന്നു , പക്ഷേ ആ അമിത ആത്മവിശ്വാസത്തിനും , എതിരാളിയെ ചെറുതായി കണ്ടതിനും അഭിഷേകിന് കനത്ത വില നല്‍കേണ്ടി വന്നു , ഓടി രക്ഷപെട്ടവര്‍ പിന്നെ വന്നത് ഒന്നിന് പത്തായി ആണ്  അതില്‍ ആ ബീച്ചിലെ ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായ സ്ത്രീകള്‍ വരെ ഉണ്ടായിരുന്നു ,എന്നാലും അഭിഷേകിനെ തല്ലാന്‍ ആര്‍ക്കും പെട്ടന്ന് കഴിയില്ല,  ആരായാലും ഒന്ന് ചിന്തിക്കും , പക്ഷേ അവിടെയാണ് പെരുച്ചാഴി രതീഷിന്റെ റോള്‍ അവിടെ അന്നു നടന്ന തല്ലിന് നേതൃത്വം നല്‍കിയത് രതീഷ്‌ ആയിരുന്നു, അഭിഷേകിനെ ശരിക്ക് തല്ലി, തല്ലി എന്നാല്‍ കെട്ടിയിട്ടു തല്ലി ബോധം നഷ്ട്ടപെട്ടപ്പോള്‍ വെള്ളം ഒഴിച്ചു ഉണര്‍ത്തി പിന്നെയും തല്ലി അത് അവിടെ പോലിസ്‌ വരുന്നത് വരെ തുടര്‍ന്നു. അതിനു ശേഷം അഭിഷേകികിനെ തല്ലിയതിന് പ്രതികാരം എന്നോണം  അഭിഷേകിന്റെ കൂട്ടുകാര്‍ കടപ്പുറത്ത് അന്നു അഭിഷേകിനെ തല്ലിയവരെയും അവരുടെ  വീട്ടുകാരെയും , കടപ്പുറത്തുനിന്നും പുറത്തു ഇറങ്ങുന്നതും നോക്കി  തിരഞ്ഞു പിടിച്ചു തല്ലാന്‍ തുടങ്ങി , ഇതില്‍ ധാരാളം നിരപരാധികളും പെട്ടു ,കടപ്പുറത്ത് നിന്നും പുറത്തേക്ക് ഇറങ്ങാന്‍ പറ്റാത്ത അവസ്ഥ, മാസങ്ങളോളം അത് തുടര്‍ന്നു പലരുടെയും ജോലി നഷ്ട്ടപെട്ടു പഠിത്തം മുടങ്ങി , പിന്നെ പാര്‍ട്ടി ഇടപെട്ടാണ് കുറച്ചൊക്കെ സമാധാനം ഉണ്ടാക്കിയത്. എന്നാലും രതീഷിനെ ഇവര്‍ക്ക് തൊടാന്‍ പോലും പറ്റിയില്ല ,   കാരണം രതീഷ്‌ പിന്നെ കടപ്പുറം വിട്ടു പുറത്തിറങ്ങിയിട്ടില്ല , അഭിഷേക് രണ്ടു മൂന്ന് മാസത്തെ ചികിത്സക്കു ശേഷം തിരിച്ചു ചെറായിയില്‍ വന്നു , അഭിഷേകിന് രാവും പകലും ഒരേ ചിന്തയെ ഉണ്ടായിരുന്നുള്ളൂ രതീഷിനെ കൊല്ലണം, പക്ഷേ കടപ്പുറത്ത് പോയി അതുചെയാന്‍ നേരത്തത്തെ അനുഭവം   സമ്മതിച്ചില്ല ,മാത്രമല്ല പാര്‍ട്ടിയില്‍ നിന്നും കര്‍ശന നിര്‍ദ്ദേശവും ഉണ്ടായിരുന്നു കടപ്പുറത്ത്  പോയി ഇനി ഒരു പ്രശനം ഉണ്ടാക്കരുത് , കാരണം പാര്‍ട്ടി കടപ്പുറത്തെ ജനങ്ങള്‍ക്ക്‌ വാക്ക് കൊടുത്തിട്ടുള്ളതാണ് അഭിഷേക് ഇനി കടപ്പുറത്ത് വന്നു ഒരു പ്രശ്നം  ഉണ്ടാക്കില്ല എന്ന് . അതുകൊണ്ട് തന്നെ   രതീഷ്‌ കടപ്പുറത്ത് നിന്നും  പുറത്തേക്ക് ഇറങ്ങുന്നുണ്ടോ എന്ന് അറിയാന്‍ രാവും പകലും     ചാരന്‍മാരെ അഭിഷേക് ഏര്‍പ്പാടാക്കി , അങ്ങനെ ഒരു ദിവസം ചാരന്‍മാര്‍ വഴി ഒരു രഹസ്യം അഭിഷേകിന് അറിയാന്‍ കഴിഞ്ഞു ഒരു കേസുമായി ബന്ധപ്പെട്ടു  രതീഷ്‌ പോലിസ്‌ സ്റ്റേഷനില്‍ ഹാജര്‍ ആയിട്ടുണ്ട്‌ , എല്ലാ ചാര കണ്ണുകളും വെട്ടിച്ചു  ഇതെങ്ങനെ സംഭവിച്ചു എന്ന് ആര്‍ക്കും അറിയില്ല   , അഭിഷേകും കൂട്ടരും തീരുമാനിച്ചു ഇത് തന്നെ അവസരം , പക്ഷേ ഇതെല്ലാം പോലീസും  അറിയുന്നുണ്ടായിരുന്നു  അവരും കരുതിയിരുന്നു , പക്ഷേ എന്ത് വന്നാലും രതീഷിനെ തീര്‍ക്കണം അത് പോലിസ്‌ സ്റ്റേഷനില്‍ വച്ചായാലും ചെയ്യും എന്നായിരുന്നു  അഭിഷേകിന്റെ തീരുമാനം ,  പക്ഷേ അന്നു ഞാന്‍ നേരത്തെ പറഞ്ഞ ബുദ്ധിരാക്ഷസനായ ഉറ്റ സുഹൃത്ത് കൂടെയുള്ള കാലമാണ്,  സുഹൃത്ത് വിലക്കി വേണ്ട സ്റ്റേഷനില്‍ വച്ചു ചെയ്യുന്നത് അപകടം ആണ്, പിന്നീട് വെളിച്ചം കാണില്ല ഒരാള്‍ മാത്രം ആയിട്ടായിരിക്കില്ല  എല്ലാവരും പെടും അത് കൊണ്ട്  സ്റ്റേഷനു പുറത്തു വച്ചു തീര്‍ക്കാം , കടപ്പുറവും  പോലിസ്‌ സ്റ്റേഷനും തമ്മില്‍  ഏകദേശം നാലു കിലോമീറ്റര്‍ ദൂരമുണ്ട് ഇതിനടയില്‍  പത്തു പതിനഞ്ചു പേരുടെ ഗ്രൂപ്പുകളായി ഗുണ്ടകള്‍  പല സ്ഥലത്തായി തയ്യാറെടുത്തു നിന്നു, എന്നാല്‍ ഇവരുടെ പദ്ധതി മനസിലാക്കിയ പോലിസ്‌ , അവരുടെ വണ്ടിയില്‍ തന്നെ രതീഷിനെ സുരക്ഷിതമായി കടപ്പുറത്ത് എത്തിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു , ഇതിനു പിന്നില്‍ അന്നത്തെ ഒരു ജനപ്രതിനിധി ആയിരുന്നു. അദ്ദേഹം പോലീസിനു കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു രതീഷിനെ ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ തിരിച്ചു കടപ്പുറത്ത് എത്തിക്കണം എന്നു . അതെ,  പോലിസ്‌ സ്റ്റേഷന്‍റെ കവാടം മുതല്‍ കടപ്പുറം വരെ രതീഷിനെ കാത്തു മരണം പതുങ്ങിയിരിക്കുന്നു. രാവിലെ മുതല്‍ കാത്തു നിന്ന ഗുണ്ട സംഘങ്ങള്‍ക്ക് ഫോണില്‍ അറിയിപ്പ് വന്നു പത്തു മിനിട്ട്നുള്ളില്‍ രതീഷ്‌ പോലിസ്‌ സ്റ്റേഷനില്‍ നിന്നും പുറത്തിറങ്ങും തയ്യാറായി നില്‍ക്കുക,  അവര്‍ ഓരോ നിമിഷവും എണ്ണികൊണ്ടിരുന്നു ചാവേറുകളെ പോലെ എന്തിനും തയ്യാറായി , പെട്ടന്ന് പോലിസ്‌ സ്റ്റേഷനില്‍ നിന്നും  ഒരു പോലിസ്‌ ജീപ്പ് ചീറി പാഞ്ഞു പുറത്തേക്ക് പോയി , ജീപ്പ്‌ മുഴുവന്‍ മൂടിയിരിക്കുകയായിരുന്നു രതീഷിനെ പുറത്തുള്ളവര്‍ക്ക് കാണാന്‍ സാധിക്കുമായിരുന്നില്ല , പോലിസിന്റെ അപ്രതീക്ഷിതമായ ഈ  ആക്ഷനില്‍  ആദ്യം ഒന്ന് പകച്ചു പോയ ഗുണ്ടകള്‍ പെട്ടന്ന് തന്നെ ബൈക്കുകള്‍ സ്റ്റാര്‍ട്ട്‌ ചെയ്തു ജീപ്പിനു പുറകെ പാഞ്ഞു ഓരോ ബൈക്കിലും  ആയുധങ്ങളുമായി മൂന്ന് പേര്‍ വീതം അവര്‍  അതി വേഗത്തില്‍ പാഞ്ഞ പോലിസ്‌ ജീപ്പിനു തൊട്ടു പുറകില്‍ , കടപ്പുറം എത്തുന്നതിനു മുന്‍പ് ജീപ്പിനു മുന്‍പില്‍ ബൈക്ക് വട്ടം വെച്ച് ബോംബ്‌ എറിഞ്ഞോ വെടിവെച്ചോ അല്ലങ്കില്‍ വെട്ടിയോ രതീഷിനെ കൊല്ലണം എന്ന ലക്‌ഷ്യം മാത്രം , പക്ഷേ കുറെ ദൂരം പോയ പോലിസ്‌ ജീപ്പ് ഒരു സൈഡിലായി ഒതുക്കി നിര്‍ത്തി , ഗുണ്ടകള്‍ക്ക് അബദ്ധം മനസിലായി പോലിസ്‌ തങ്ങളെ കബളിപ്പിച്ചതാണ്,  ജീപ്പിനു പിന്നാലെ ഗുണ്ടകള്‍ പാഞ്ഞ തക്കം നോക്കി പോലിസ്‌ രതീഷിനെ ഒരു സ്വകാര്യ വാഹനത്തില്‍ സുരക്ഷിതമായി കടപ്പുറത്ത് എത്തിച്ചു. അതോട് കൂടി രതീഷ്‌ മനസിലാക്കി പോലിസ്‌ അല്ല പട്ടാളം കാവല്‍ നിന്നാലും അഭിഷേക് തന്നെ കൊല്ലും , എത്രനാള്‍ കടപ്പുറത്ത് നിന്നു പുറത്തിറങ്ങാതെ ഒളിച്ചു  ജീവിക്കും, ഗുണ്ടകള്‍ ചെറായില്‍ നിന്നും എന്നെന്നേക്കും പോകാതെ തനിക്കൊരു ജീവിതം ഇല്ലന്ന് മനസിലാക്കി , അങ്ങനെ രതീഷും തക്കം പാര്‍ത്തിരുന്നു ഈ ഗുണ്ടകളെ നാട്ടില്‍ നിന്നും ഓടിക്കുന്നതിനായി.  പക്ഷേ അന്നു പോലിസ്‌ അവസരോചിതമായി ഇടപെട്ടില്ലയിരുന്നെങ്കില്‍  നാടിനെ ഞെട്ടിക്കുമായിരുന്ന  മറ്റൊരു കൊലപാതകത്തിനു കൂടി ചെറായി സാക്ഷി ആകുമായിരുന്നു . ഞാന്‍ ഇതിനു മുന്‍പ് പറഞ്ഞിരുന്നു അന്നു ചെറായി ഭരിച്ചിരുന്ന ചട്ടമ്പികളെ കുറിച്ച് ഒത്ത ശരീരവും ആറടി പൊക്കവുമുള്ള നാലഞ്ചു പേര്‍ ഇവരെയും ഈ ന്യൂ ജനറേഷന്‍ ഗുണ്ടകള്‍  പട്ടാപകല്‍ നാട്ടുകാരുടെ മുന്നിലിട്ടു ഓടിച്ചിട്ട്‌ തല്ലി , അതില്‍ രണ്ടു പേരുടെ കയ്യും കാലും  തല്ലിയൊടിച്ചു , നാട്ടുകാര്‍ക്ക്  അത്രയും നാളും ഇവരോട് ഉണ്ടായിരുന്ന ഭയവും ബഹുമാനവും പോയി എന്ന് മാത്രമല്ല പകല്‍ വെട്ടത്തു ചെറായിയില്‍ വരാന്‍ പറ്റാത്ത അവസ്ഥയും ആയി  , അങ്ങനെ ശത്രുക്കളുടെ എണ്ണം കൂടി, ഇതില്‍ ഇവരോട് നേരിട്ട് എതിര്‍ത്തു നിന്നവരെ കുറിച്ചാണ്   ഞാന്‍ ഇവിടെ പ്രധാനമായും പറഞ്ഞത്‌ ഇതില്‍ ഒരു ഗ്രൂപ്പാണ് ഗുണ്ടകളെ ചെറായില്‍ നിന്നും ഓടിക്കുന്നതിനു വേണ്ടി ഗുരു മന്ദിരം തകര്‍ത്തത് എന്നാണ് ഗുണ്ടകളുടെ വിശ്വാസം  ,  എന്നാല്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഒരു ഗ്രൂപ്പ് മാത്രമാണോ എന്ന് പറയാന്‍ പറ്റില്ല , പൊതു ശത്രുവിനെ തകര്‍ക്കാന്‍ ഇവരില്‍ രണ്ടു ഗ്രൂപ്പുകള്‍ വളരെ രഹസ്യമായി ചെറായിക്ക് പുറത്തു ഒരു ദിവസം ഒന്നിച്ചു കൂടി............. ( തുടരും)...........


No comments:

Post a Comment