Wednesday, 26 December 2012

ചെറായിയിലെ ഒരു പ്രഭാതം


              പതിവ് പോലെ ചൂലും കണികണ്ടുകൊണ്ടാണ് അന്നേ ദിവസവും എന്റെ ദിവസം തുടങ്ങിയത്, എത്ര പറഞ്ഞാലും അമ്മ കേള്‍ക്കില്ല നിര്‍മല ചേച്ചി വരുന്നതിനു മുന്‍പ് എന്നെ വിളിക്കണമെന്ന്. നിര്‍മല ചേച്ചി ആരാണെന്നു പറഞ്ഞില്ലല്ലോ? വീടും മുറ്റവും അടിക്കാന്‍ വരുന്ന ചേച്ചിയാണ് , രണ്ടു മൂന്ന് വീട്ടിലെ പണി കഴിഞ്ഞിട്ടാണ് വീട്ടില്‍ വരുന്നത്, അത് കഴിഞ്ഞും വേറെ വീടുകളില്‍ പണിയുണ്ട് . അതുകൊണ്ട് ഓടി വന്നു മുറ്റവും വീടും അടിച്ചു വൃത്തിയാക്കി  പോകും. രാവിലെ എന്റെ മുറിയുടെ കതകില്‍ വന്നു മുട്ടി വിളിച്ചു എഴുന്നേല്‍പ്പിക്കുന്നത്  ചേച്ചി ആയിരിക്കും , കതകു തുറന്നാല്‍ കാണുന്നത് ചേച്ചി ചൂലും പിടിച്ചു കൊണ്ട് നില്‍ക്കുന്നതായിരിക്കും , അതുകൊണ്ട് അമ്മയോട് ഞാന്‍ പറഞ്ഞിട്ടുള്ളതാണ് നിര്‍മല ചേച്ചി വരുന്നതിനു മുന്‍പേ എന്നെ വിളികണം, വേറെ ഒന്നിനും അല്ല കതകു തുറന്നിടാനാണ്, കതകു തുറന്നിട്ടാല്‍ നമ്മളെ ശല്യം ചെയ്യാതെ മുറി മുഴുവന്‍ അടിച്ചു വൃത്തിയാക്കി പോയ്ക്കോളും, നമുക്ക് പിന്നെയും സുഖമായി കിടന്നുറങ്ങമല്ലോ. പക്ഷെ ആ ദിവസം ചൂല് തന്നെ കണികണ്ടു. രാവിലെ എഴുന്നേറ്റാല്‍, കട്ടന്‍ കാപ്പിയും   മനോരമ പേപ്പറും കിട്ടിയല്ലങ്കില്‍ എന്തോ അസ്വസ്ഥത ആണ്, കുറെ നാള്‍ കഴിഞ്ഞപ്പോള്‍ ആണ് ഒന്ന് നമ്മുടെ ആരോഗ്യത്തിനും മറ്റൊന്നു നമ്മുടെ ബുദ്ധിക്കും  നല്ലത് അല്ലന്നു മനസിലായത്.


പേപ്പര്‍ വായിക്കുന്നതോടൊപ്പം ടി.വി. യും ഓണ്‍ ചെയ്യും , ESPN, STAR SPORTS ഇതിലേതെങ്കിലും ആയിരിക്കും വയ്ക്കുന്നത്. ആസ്ത്രേലിയ,ന്യൂസിലന്റ്റ് ഈ രാജ്യങ്ങളില്‍ ഏതെന്കിലും ക്രിക്കറ്റ്‌ പര്യെടനം ഉണ്ടങ്കില്‍ അതും കണ്ടിരിക്കുനത് ഒരു രസമാണ് പ്രത്യേകിച്ച് ടെസ്റ്റ്‌ക്രികറ്റ്‌ , അവിടത്തെ ഗ്രൌണ്ടിന്റെ ഭംഗിയൊന്നും വേറൊരു സ്ഥലത്തും കിട്ടില്ല, ഇല്ല ഒരു കളി പോലും ഇല്ല പഴയ ഏതേലും കളിയുടെ ഹൈ ലൈറ്റും ഉണ്ടാകാറുള്ളതാണ്, ഇന്ന് അതും ഇല്ല. അമ്മ ഒഫിസില്‍ പോകാന്‍ ഇറങ്ങി, ഇപ്പൊ മനസിലായി കാണുമല്ലോ ഞാന്‍ എത്ര മണിക്കാണ് എഴുന്നേല്‍ക്കുന്നത്  എന്ന്, ഒരു അരമണിക്കൂര്‍ ആയിക്കാണും ഒരു ഫോണ്‍ വന്നു, അമ്മയാണ് ഓഫിസില്‍ നിന്നാണ് പുറത്തേക്ക് ഇറങ്ങണ്ട എന്തോ പ്രശ്നം നടക്കുന്നുണ്ട് ബസ്സ്‌ ഒന്നും ഓടുന്നില്ല കൂടാതെ ഒരുപാട് പോലിസ്‌ വണ്ടികള്‍ വന്നിട്ടുണ്ടെന്നും അമ്മ ഏതോ private വണ്ടിയിലാണ് ഓഫിസില്‍  പോയതെന്നും പറഞ്ഞു. അപ്പൊ അമ്മ കുറ്റം പറയുന്നത് നിര്‍മല ചേച്ചിയെയാണ്  ആ ഭാഗത്തെ ലോകല്‍ വാര്‍ത്തകള്‍ എല്ലാം രാവിലെ തന്നെ നിര്‍മല ചേച്ചി പറയുന്നതാണ് എന്നിട്ടും ഇത്രയും വലിയ സംഭവം നടന്നിട്ടും എന്തേ പറഞ്ഞില്ല, അല്ലേലും മാസം ശമ്പളം കൊടുക്കുനത് വെറുതെയാണ് ഒരു ആത്മാര്‍ഥതയും ഇല്ല . ഇത്രയും പറഞ്ഞു ഒന്നുകൂടി ഓര്‍മിപ്പിച്ചിട്ടു ഫോണ്‍ വച്ചു.അപ്പൊ ഞാന്നും ആലോചിച്ചു എന്താ ഇത്രവലിയ പ്രശ്നം ?  ആരോടെങ്കിലും ഫോണ്‍ ചെയ്തു ചോദിക്കണമെന്ന് ഉണ്ടായിരുന്നു ,പിന്നെ എന്തെകിലും ആകട്ടെ എന്ന് വിചാരിച്ചു പിന്നെയും TV കണ്ടിരുന്നു.കുറച്ചു കഴിഞ്ഞപ്പോള്‍ ചേട്ടന്‍  വന്നു അവന്‍ രാവിലെ തന്നെ എവിടെയോ പോയതായിരുന്നു അപ്പോഴാണ്‌ കാര്യങ്ങള്‍ അറിയുന്നത്. അവിടെ ഗുരുദേവ മന്ദിരം ആരോ തകര്‍ത്തിരിക്കുന്നു. ചേട്ടന്റെ മുഖത്ത് ചെറിയ ഒരു പരിഭ്രമം ഞാന്‍ ശ്രദ്ധിച്ചു. ഞാന്‍ വിശദമായി കാര്യങ്ങള്‍ തിരക്കി പ്രശ്നം കുറച്ചു ഗുരുതരമാണ്, നാട്ടുകാര്‍ കുറ്റം ആരോപിക്കുനത് ഒരു പ്രത്യേക ജാതിയെ ആണ്, ആ ജാതിയുടെ പേര് ' ഗുണ്ട ' എന്നാണ്. ഗുണ്ട  എന്നത് ഒരു ജാതിയെന്നു പറയാന്‍ കാരണം ജാതി സമ്പ്രദായം ഉണ്ടാകുന്നത് തന്നെ നാം ചെയുന്ന തൊഴിലിനെ ആധാരമാക്കിയാണല്ലോ  അങ്ങനെ നോക്കുമ്പോള്‍ കൂലിത്തല്ലു തൊഴിലാക്കി നടക്കുന്നവര്‍ ഗുണ്ട ജാതിയില്‍ പെട്ടവര്‍ ആണ്. നമ്മുടെ ഭാരതത്തില്‍ മറ്റു മതങ്ങള്‍ വന്നു വ്യാപിച്ച പോലെ തന്നെയാണ് ഗുണ്ട എന്ന ജാതി ചെറായിയില്‍ വ്യാപിച്ചത്, പ്രലോഭിപിച്ച്ചും ,വാഗ്ദ്ധാനങ്ങള്‍ നല്‍കിയും , പ്രതീക്ഷകള്‍ നല്‍കിയും ഒക്കെ യാണ് ഈ ജാതിയെ അവര്‍ വളര്‍ത്തിയിരുന്നത്. എന്റെയും ചേട്ടന്റെയും ചില അടുത്ത സുഹൃത്തുക്കള്‍ ഈ ജാതിയിലെ പ്രധാന പ്രവര്‍ത്തകര്‍ ആണ്. പ്രധാന പ്രവര്‍ത്തകര്‍ എന്നതിലുപരി ചെറായിയിലെ സ്ഥാപക നേതാക്കള്‍ തന്നെ ആയിരുന്നു അവര്‍. , ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ വിനു ( ശരിക്കുള്ള പേരല്ല) ഓടി വന്നു എങ്ങോട്ട് എങ്കിലും പൊയ്ക്കോ ആകെ പ്രശ്നമാണ് അവിടെ ആളുകള്‍ വളരെ വികാരം കൊണ്ടിരിക്കുകയാണ് ഗുണ്ടകള്‍ എന്ന് ആരോപിച്ചു ഒന്ന് രണ്ടു പേരെ ശരിക്ക് തല്ലി ഒന്ന് രണ്ടു വീട് തകര്‍ത്തിട്ടുണ്ട്, എല്ലാവരും മുങ്ങിയിരിക്കുകയാണ് അതുകൊണ്ട് ഗുണ്ടകളുമായി  ബന്ധമുള്ള എല്ലാവരെയും കൂട്ടമായി വന്നു തല്ലുകയും ഭീഷണിപെടുത്തുകയും ചെയ്യുകയാണ്, പിന്നെ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത് ചേട്ടന്റെ അടുത്ത സുഹൃത്ത് അജിത്തിനെ (ഇതും ശരിക്കുള്ള പേരല്ല)നാട്ടുകാര്‍ തടഞ്ഞു വച്ച് തല്ലി മുറിയില്‍ പൂട്ടിയിട്ടിരിക്കുന്നു. ഇത്രയും വിനു പറഞ്ഞത് ഒറ്റ ശ്വാസത്തിലാണ് . ഞാന്‍ നോകുമ്പോള്‍ വിനു വിറക്കുകയാണ് ഗേറ്റിനു പുറത്തു വേറെ ഒന്ന് രണ്ടു പേര്‍ ഉണ്ട് വിനുവിന്റെ കൂട്ടുകാര്‍ ആണ് എല്ലാവരും സൈക്കിളില്‍ ആണ് അവര്‍ അവനെ ഉച്ചത്തില്‍ വിളിക്കുന്നു നീ വരുന്നെകില്‍ വാ ഞങ്ങള്‍ പോകുന്നു എന്ന് പറഞ്ഞു ഞാന്‍ സൂക്ഷിച്ചു നോക്കി ഒരാളെ മനസിലായി വിമല്‍ ആണ് ഞാന്‍ അകത്തേക്ക് വിളിച്ചു ഇല്ല ഞങള്‍ പോകുന്നു എന്ന് പറഞ്ഞു അവര്‍ വിനുവിനെ പിന്നെയും വിളിച്ചു , ഞാന്‍ വിനുവിനോട് പറഞ്ഞു നാട് വിടാന്‍ വരട്ടെ എന്താണ് കാര്യമെന്നറിയട്ടെ എന്നിട്ട് പോകാമെന്ന് പറഞ്ഞു. പക്ഷെ വിമലിനും കൂട്ടുകാര്‍ക്ക് ക്ഷമ ഉണ്ടായിരുന്നില്ല ഞങള്‍ പോകുന്നെന്നും പറഞ്ഞും സൈക്കിള്‍ എടുത്തു പാഞ്ഞു പിന്നെ രണ്ടു  വര്ഷം കഴിഞ്ഞിട്ടാണ് വിമലിനെ ഞാന്‍ ചെറായിയില്‍ കാണുന്നത്. വിനുവിന് ചായ കുടിക്കാന്‍ കൊടുത്തിട്ട് ഞാന്‍ കുളിക്കാന്‍ പോയി.കുളിക്കുന്നതിനു ഇടയ്ക്കു എന്റെ ചിന്ത ഈ പ്രശ്നം എന്താകുമെന്നായിരുന്നു  കാരണം ഇന്നലെ വരെ കൂടെ നടന്നവരെ ആണ് ഇന്ന് നാട്ടുകാര്‍  പ്രധാന പ്രതികള്‍  എന്നാരോപിച്ച്  കലിപൂണ്ടു നടക്കുന്നത് സംഗതി നിസ്സാരമല്ല ഒരു ജനതയുടെ വികാരമാണ് മുറിപെട്ടിരിക്കുന്നത്. അപ്പോള്‍ ആണ് ഒരു കാര്യം എനിക്ക് ഓര്‍മ വന്നത് ആരോ പണ്ട് പറഞ്ഞു കേട്ടതാണ് കോടതിയില്‍ എന്തെങ്കിലും കേസിന് നാം  മുന്‍കൂര്‍ ജാമ്യത്തിനു  അപേക്ഷ്വച്ചാല്‍ പിന്നെ നമ്മള്‍ അതില്‍ കുറ്റം ചെയ്തിട്ടുണ്ട് എന്നൊരു മുന്‍വിധികൂടി ഉണ്ടാകും അതുകൊണ്ട് എന്തുവന്നാലും നാട് വിടണ്ട അത് മാത്രമല്ല നമ്മള്‍ തെറ്റ് ചെയ്യാത്തിടത്തോളം എന്തിനു പേടിക്കണം . കുളികഴിഞ്ഞു വന്നപ്പോള്‍ വിനുവിനു കൊടുത്ത ചായ അതുപോലെയുണ്ട് വീട്ടില്‍ വന്നു ചായ ചോദിച്ചു കുടിക്കുകയും കൊടുത്തിലങ്കില്‍ താനേ എടുത്തു കഴിക്കുകയും ചെയ്തിരുന്ന ആളാണ്‌ ഇന്നിപ്പോള്‍ പച്ചവെള്ളം പോലും കുടിക്കാതെ ഇരിക്കുന്നത്. എന്തായാലും പുറത്തേക്ക് തന്നെ പോകാമെന്ന് തീരുമാനിച്ചു. ആദ്യം മുണ്ട് ഉടുക്കാമെന്നു വിചാരിച്ചു വേണ്ട RISK ആണ് പാന്‍റ്സ് തന്നെ ഇട്ടു പുതിയ DENIM SHIRT എടുത്തിട്ടു അതാകുബോള്‍ ഒരു പിടിവലിയിലൊന്നും പെട്ടന്ന് കീറിപോകില്ല, പിന്നെ മാല ഊരി വച്ചു കാരണം ചില തെണ്ടികള്‍ ഉണ്ട് നമ്മളെ തല്ലുന്ന സമയത്ത് മാല പൊട്ടിക്കും, ഈ  IDEA കള്‍ കിട്ടിയത് നേരത്തേ പറഞ്ഞപോലെ ചില പുതിയ ഗുണ്ടകള്‍ എന്റെ പഴയ സുഹൃത്തുക്കള്‍ ആയതുകൊണ്ടാണ്. രണ്ടും കല്പിച്ചു പുറത്തേക്കിറങ്ങി അപ്പോള്‍ കുറച്ചാളുകള്‍ വീടിന്റെ ഗേറ്റ് കടന്നു വരുന്നു ഗുരുദേവ അനുയായികള്‍ ആണ് കൂടാതെ എന്റെ കൂട്ടുകാരും അവര്‍ ആദ്യം ചോദിച്ചത് എന്റെ വണ്ടിയാണ് കാരണം നേരത്തേ പറഞ്ഞ അജിത്ത് വന്ന വണ്ടി നാട്ടുകാര്‍ തല്ലിപോളിച്ച് കത്തിക്കാന്‍ പോകുന്നു എന്റെ വണ്ടി ആണോ എന്നറിയാന്‍ വന്നതാണ് അല്ല എന്ന് പറഞ്ഞപ്പോള്‍ തിരിച്ചു പോയി. രണ്ടും കല്പിച്ചു വിനുവിനെയുംകൂട്ടി ഞാന്‍ സംഭവം നടന്ന സ്ഥലത്തേക്ക് തിരിച്ചു.വീട്ടില്‍ നിന്നും ഒരു ഇരുനൂറു മീറ്റര്‍ അകലെയാണ് ഈ തകര്‍ന്ന മന്ദിരം ഇരിക്കുന്ന അമ്പലം. ഓരോ അടിയും മുന്നോട്ടു നടക്കുമ്പോഴും ചെറിയ പേടിയുണ്ട് അയല്‍വക്കത്തെ ചേച്ചിമാരൊക്കെ എന്നെ ശ്രദ്ധിച്ചു നോക്കുന്നുണ്ട് വളരെ ദയനീയമായ നോട്ടം അങ്ങോട്ട്‌ പോകണ്ട എന്ന ഒരു സൂചനയും  ഉണ്ട് ആ നോട്ടത്തില്‍... . നാട് വിട്ടാല്‍ പിന്നെ ഒരു കാലത്തും തല  ഉയര്‍ത്തി നടക്കാന്‍ പറ്റില്ല അതിലും നല്ലത് ധൈര്യപൂര്‍വം നേരിടുന്നതാണ്. ഞാന്‍ അമ്പലത്തിന്റെ COMPOUND ലേക്ക് ചെന്നപ്പോള്‍ കണ്ട കാഴ്ച എന്നെ ഞെട്ടിച്ചു ഒരു ഉത്സവത്തിനു ഉണ്ടാകാറുള്ള ജനം, കൂടുതലും ദൂരെ ഭാഗത്തും നിന്നും വന്നവര്‍ എല്ലാവരുടെയും മുഖം വളരെ ഗൌരവത്തില്‍ ആണ് പലരുടെയും കയ്യില്‍ വടികള്‍ ഉണ്ട് അവിടെ ഒരു മൂലയില്‍ ഒരു വലിയ  ജനക്കൂട്ടം അവര്‍ വലിയ ശബ്ദ്ദത്തില്‍ ആക്രോശിക്കുകയും കല്ലെറിയുകയും ഒക്കെ ചെയ്യുന്നുണ്ട് അപ്പോള്‍ വിനു ഇടറിയ ശബ്ദ്ദത്തില്‍ പറഞ്ഞു അവിടെ ആണ് അജിത്തിനെ പൂട്ടിയിട്ടിരിക്കുന്നത്, എന്റെ മനസ്സില്‍ പറഞ്ഞു തെണ്ടികള്‍ ഒരുത്തനെ മുറിയില്‍ പൂട്ടിയിട്ടു പുറത്തുനിന്നു കല്ലെറിയുന്നു. ചെറായിയില്‍ ഉള്ള കൂട്ടുകാരെ ആരെയും കാണാനില്ല എല്ലാം അപരിചിതര്‍ ചിലര്‍ മാറിനിന്നു ഞങ്ങളെ നോക്കി  അടക്കം പറയുന്നുണ്ട്, കുറച്ചുകൂടി മുന്നോട്ടു നടന്നു അപ്പോള്‍ ഒന്ന് രണ്ടു പരിചയക്കാരെ കണ്ടു സ്വന്തം നാട്ടുകാര്‍ ഇന്നലെ കണ്ടു ചിരിച്ച മുഖമല്ല അവര്‍ക്ക്‌ ഏതോ കുറ്റവാളികളെ നോക്കുന്നപോലെ , ഞങള്‍ ഞങ്ങളുടെ കൂടുകാരെ തിരഞ്ഞു നടന്നു അപ്പോള്‍ അറിയാന്‍ കഴിഞ്ഞു അവരെല്ലാം കിടക്കാന്‍ പോയിരിക്ക്കയാണെന്ന്, നേരം പത്തായതെയുള്ളു ഈ നേരത്തു കിടക്കാന്‍ പോവുകയോ ഇവനൊക്കെ വട്ടായോ എന്ന് വിചാരിച്ചു അപ്പോഴാണ്‌ അറിയുന്നത് കിടക്കുന്നത് സ്വന്തം വീട്ടില്‍ അല്ല റോഡില്‍ ആണ് ചെല്ലുമ്പോള്‍ കാണുന്നത് ഒരു ബസ്സിന്റെ മുന്‍പില്‍ കിടക്കുന്ന ഞങ്ങളുടെ കൂട്ടുകാരനെ ആണ്, വഴിതടയുകയാണ്  നോക്കുമ്പോള്‍ എല്ലാ വണ്ടിയുടെയും മുന്‍പില്‍ ഒരുരുത്തരായി കിടക്കുകയാണ് കൂട്ടത്തില്‍ സുനിയേ ഞങ്ങള്‍ ശ്രദ്ധിച്ചു നോക്കി സുനി കിടക്കുന്നത് ഒരു ഓട്ടോറിക്ഷ യുടെ മുന്‍പിലാണ് സുനിക്ക് അതിനേ പറ്റൂ കാരണം ആള്‍ക്ക് കഷ്ട്ടിച്ച് നാല് നാലര അടിപോക്കമേയുള്ളൂ എന്തൊക്കെയോ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നുണ്ട് ഞങള്‍ കുറച്ചു നേരം ആ തെരുവ് നാടകം കണ്ടു നിന്ന് അപ്പോള്‍  മനസ്സില്‍ ഉണ്ടായിരുന്ന ആശങ്കകള്‍ കുറച്ചു  മാറി ആതുപോലത്തെ കൊമാളിത്തരമാണ് അവിടെ നടന്നു കൊണ്ടിരുന്നത്................(തുടരും)

1 comment:

  1. adipoli kochu veetil comedy parangu chirikarulla polathe feeling ngan evide otaykirunnu chirikuva shermi urangi ..time..:00:10 hrs.....:-)

    ReplyDelete